പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള തുക നല്‍കിയത് പുല്‍ക്കുന്നി മഠം കോളനി നിവാസികളാണെന്ന് സന്ദീപ് വാര്യര്‍ അറിയിച്ചു. അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സന്ദീപ് വാര്യര്‍.

ഇന്ന് രാവിലെ 11 മണിക്കാണ് സന്ദീപ് വാര്യര്‍ നാമനിദേശ പത്രിക സമര്‍പ്പിച്ചത്. എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപി പ്രമോദിനെതിരേയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എച്ച്‌ ഫിറോസ് ബാബുവിനെതിരേയുമാണ് സന്ദീപ് വാര്യര്‍ മത്സരിക്കുന്നത്.
ഇ. ശ്രീധരന്‍, സുരേഷ് ഗോപി, കെ. സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.