കോട്ടയം: ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെ അയ്യപ്പഭക്തസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.

ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന് വേട്ടയാടപ്പെട്ട അയ്യപ്പഭക്തരുടെ കുടുംബങ്ങള്‍ സംഗമത്തില്‍ ഒത്തുചേരുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ ജില്ലകളിയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സംഗമം.

മാര്‍ച്ച്‌ 20ന് വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അയ്യപ്പഭക്തസംഗമത്തോടെയാണ് സംഗമങ്ങള്‍ തുടങ്ങുക. 21ന് രാവിലെ ഒന്‍പതിന് കൊല്ലം, വൈകിട്ട് നാലിന് കോട്ടയം. 22ന് രാവിലെ 10ന് ഇടുക്കി, വൈകിട്ട് നാലിന് എറണാകുളം, 23ന് രാവിലെ ഒന്‍പതിന് തൃശൂര്‍, 24ന് വൈകിട്ട് നാലിന് കോഴിക്കോട്, 25ന് രാവിലെ 10ന് വയനാട്, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ 26ന് രാവിലെ 10ന് കാസര്‍കോട്, 27ന് പത്തനംതിട്ട പന്തളത്ത് അയ്യപ്പഭക്തസംഗമത്തിന്റെ സമാപന സംഗമവും നടക്കും.

ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ശബരിമല കര്‍മ സമതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, സന്ന്യാസിവര്യന്മാര്‍, ആചാര്യശ്രേഷ്ഠന്മാര്‍, സമുദായ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.