തവനൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് തവനൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ടി. ജലീല്‍. ജീവകാരുണ്യ പ്രവര്‍ത്തനം ബ്രാന്‍ഡ് ചെയ്യപ്പെടേണ്ടതല്ല. ഓരോ പൊതുപ്രവര്‍ത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ പ്രവര്‍ത്തനമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് അവരുടെ കൂടെ നില്‍ക്കുന്നവര്‍ ആരാണെന്നും നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവര്‍ ആരാണെന്നും അറിയാം. തന്നെ നന്നായി അറിയുന്നവരാണ് തവനൂരിലെ ജനങ്ങളെന്നും ജലീല്‍ പറഞ്ഞു.

എന്നാല്‍ മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ സ്ഥാനാര്‍ഥിയായി വേണ്ടെന്ന് ചൂണ്ടിക്കാട്ടി അവരുടെ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം സി.പി.എം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. എല്‍.ഡി.എഫിന്‍റെ നിര്‍ബന്ധപ്രകാരമാണ് വീണ്ടും മത്സരിക്കാന്‍ തയാറായത്. മനസ് കൊണ്ട് താന്‍ എന്നേ സി.പി.എമ്മുകാരനാണെന്നും കെ.ടി. ജലീല്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.