തിരുവനന്തപുരം: ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് റിപോര്‍ട്ട് തേടി. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരു ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച്‌ 20നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്ത് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഒരേ മണ്ഡലത്തില്‍ ഒരു വ്യക്തി അഞ്ച് തവണ വരെ പേര് ചേര്‍ത്തിരിക്കുകയാണ്. ലിസ്റ്റ് തിരുത്തണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ചെന്നിത്തലയുടെ ആരോപണം തള്ളിയ വോട്ടര്‍ താന്‍ കോണ്‍ഗ്രസുകാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു.