മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തില്‍ വന്നതെന്ന് ബി.ജെ.പിയുടെ പാലക്കാട് നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും സാങ്കേതിക വിദഗ്ധനുമായ ഇ. ശ്രീധരന് പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ ന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ. ശ്രീധരന്റെ വാക്കുകളിലേക്ക്.
‘മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിവരമുള്ളവര്‍ക്കെല്ലാം അറിയാം. അതറിയാനുള്ള രാഷ്ട്രീയ-അക്കാദമിക് വിദ്യഭ്യാസം എനിക്കുമുണ്ടെന്ന് ആരോപമുന്നയിക്കുന്നവര് മനസിലാക്കണം. ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നാണ് ഞാന്‍ വ്യക്തമാക്കിയത്. മാറിമാറിയുള്ള എല്‍.ഡി.എഫ്, യു.ഡി.എഫ് ഭരണത്തില്‍ ജനം മടുത്തിരിക്കുന്നു. എടുത്തുപറയത്തക്ക വികസനങ്ങളൊന്നും സമയബന്ധിതമായും സുതാര്യമായും അവര്‍ നടപ്പാക്കിയിട്ടില്ല. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ മുഖ്യമന്ത്രിയാകാനല്ല രാഷ്ട്രീയത്തില്‍ വന്നത്. ജനത്തെ സേവിക്കാന്‍ വിപുലമായ അവസരത്തിനുവേണ്ടിയാണ്. ബി.ജെ.പി സര്‍ക്കാര്‍ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
‘രാഷ്ട്രീയത്തിന്റെ ഗുണനിലവാരം ഉയര്‍ത്തേണ്ടതുണ്ട്. അതിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താനുള്ള സന്ദേശം അത്തരം വ്യക്തികളില്‍ നിന്നാണ് ഉണ്ടാകേണ്ടത്. വിദഗ്ധരും, പ്രഫഷനലുകളും ഉള്‍പ്പെടെ രാഷ്ട്രീയത്തിലേക്കു കടന്നുവരുന്നത് അതിനു സഹായിക്കും. കാര്യക്ഷമത, ആഴത്തിലുളള അറിവ്, പ്രവര്‍ത്തന പരിചയം എന്നിവയാണു നാട്ടുകാര്‍ക്ക് ആവശ്യമെന്ന് വിശ്വസിക്കുന്നു. ചെറുപ്പക്കാരനും സുന്ദരനുമായി ഒാടി നടന്നിട്ട് കാര്യമില്ല. കാര്യങ്ങള്‍ നന്നായി അറിയുക, അത് എങ്ങനെ കൃത്യവും വ്യക്തവും സുതാര്യവുമായി ചെയ്യാം, എങ്ങനെ പ്രവര്‍ത്തിക്കാം, അതിനാവശ്യമായ റിസോഴ്സ് എങ്ങനെ കണ്ടെത്താം എന്നതുതന്നെയാണ് പ്രധാനം’.