ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരികെ റയലില്‍ എത്തുവാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍. യുവന്റസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ വില്‍ക്കുമെന്നുള്ള അഭ്യുഹങ്ങള്‍ക്കിടയിലാണ് സിദാന്റെ പ്രസ്താവന. ‘റൊണാള്‍ഡോ തിരികെ റയലില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. നമുക്ക് എല്ലാവര്‍ക്കും റൊണാള്‍ഡോയെ അറിയാം, അദ്ദേഹം റയലിന് വേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്ത താരമാണ്. എങ്കിലും യുവന്റസിന്റെ താരമായതിനാല്‍ ഈ വിഷയത്തില്‍ അധികം സംസാരിക്കുന്നില്ല. റൊണാള്‍ഡോയെ വെച്ച്‌ എന്തൊക്കെ ചെയ്യാമോ അതൊക്കെ താന്‍ മുമ്പ്‌ ചെയ്തിട്ടുണ്ട്. ഭാവില്‍ എന്താകുമെന്ന് നോക്കാം’. സിദാന്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ സാഹചര്യത്തിലാണ് റൊണാള്‍ഡോയെ യുവന്റസ് വില്‍ക്കാനൊരുങ്ങുന്നത്. ക്രിസ്റ്റിയാനോയുടെ ഭീമമായ പ്രതിഫലം താങ്ങാന്‍ ഇറ്റാലിയന്‍ ക്ലബിന് കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ താരത്തിന്റെ ഏജന്റായ ജോര്‍ജ്ജ് മെന്ഡസ് റയല്‍ മാഡ്രിഡുമായി ചര്‍ച്ച തുടങ്ങിയെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം താരത്തിനു വേണ്ടി റയലിനൊപ്പം പിഎസജിയും രംഗത്തുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.