ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വഴിതുറക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകര്‍ എപ്പോഴും ചര്‍ച്ചയ്ക്കു തയ്യാറായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങള്‍ സര്‍ക്കാര്‍ നീക്കണമെന്നും കിസാന്‍ മോര്‍ച്ച.

സമരത്തിലുള്ള കര്‍ഷകരുമായി ചര്‍ച്ച തുടരണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം. ഏതൊരു പ്രശ്നവും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ബി.ജെ.പി. മിനിമം താങ്ങുവില ഒരിക്കലും ഇല്ലാതാവില്ല. ഞങ്ങളെല്ലാം കാര്‍ഷികകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കാര്‍ഷികമേഖലയ്ക്കു ഗുണകരമാവുന്ന ഭേദഗതികള്‍ക്കും പരിഹാരങ്ങള്‍ക്കും തയ്യാറാണ് സര്‍ക്കാരെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

ബി.ജെ.പി. ഭരിക്കുന്ന ഹരിയാണയില്‍ ഭരണകക്ഷി സാമാജികര്‍ക്കു സാമൂഹികവിലക്ക് ഏര്‍പ്പെടുത്തിയതിനെതിരേ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന നടപടിയെ കിസാന്‍ മോര്‍ച്ച എതിര്‍ത്തിരുന്നു.