ലക്‌നൗ: നടുറോഡില്‍ ബുള്ളറ്റ് ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ പെണ്‍കുട്ടികള്‍ക്ക് കനത്ത പിഴ ചുമത്തി പോലീസ്. പൊതുസ്ഥലത്ത് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി 11,000 രൂപയാണ് പോലീസ് ഇവര്‍ക്ക് പിഴ ചുമത്തിയത്.
സമൂഹ മാദ്ധ്യമങ്ങളില്‍ പെണ്‍കുട്ടികളുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പെണ്‍കുട്ടികള്‍ അപകടകരമായ രീതിയിലാണ് ബൈക്കില്‍ യാത്ര ചെയ്തത് എന്ന് വ്യക്തമാണ്. ബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടിയുടെ തോളില്‍ ഇരുന്നാണ് ഒപ്പമുള്ള പെണ്‍കുട്ടി യാത്ര ചെയ്തത്.
ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 1000 രൂപ, പൊതുസ്ഥലത്ത് സര്‍ക്കാര്‍ അനുമതിയില്ലാതെ സ്റ്റണ്ടിംഗ് നടത്തിയതിന് 5,000 രൂപ, സെക്ഷന്‍ 3, 4 എന്നിവ ലംഘിച്ച്‌ വാഹനം ഓടിച്ചതിന് 5,000 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയത്. മഞ്ജു ദേവി എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് പോലീസ് കണ്ടെത്തി. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും ഗാസിയാബാദ് ട്രാഫിക് എസ്പി രമാനന്ദ് ഖുശ്വ ആവശ്യപ്പെട്ടു.