ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജീവനക്കാരുടെ അവകാശങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍.

ബാങ്ക് ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബാങ്കുകള്‍ നമുക്കുണ്ട്. എന്നാല്‍ കൂടുതല്‍ ശേഷിയുള്ള ബാങ്കുകള്‍ നമുക്കാവശ്യമാണ്.

ഈ രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എസ്.ബി.ഐയുടെ അത്രയും ശേഷിയുള്ള നിരവധി ബാങ്കുകള്‍ ഇനിയും വേണം. എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

നമ്മള്‍ ഒരു പബ്ളിക് എന്റര്‍പ്രൈസ് പോളിസി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ സാന്നിദ്ധ്യം തുടര്‍ന്നും ആവശ്യമായ നാല് മേഖലകള്‍ കണ്ടെത്തി.

അതിനാല്‍ സാമ്പത്തിക മേഖലയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടര്‍ന്നും ഉണ്ടാവും. സ്വകാര്യവത്കരിക്കപ്പെടുന്ന ബാങ്കുകളെ സര്‍ക്കാര്‍ പൂര്‍ണമായും കൈവിടുകയല്ല ചെയ്യുന്നത്. ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാവാനും സുസ്ഥിരമാവാനും വേണ്ടിയാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുന്നത്.

ബാങ്ക് ജീവനക്കാര്‍ക്ക് പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിലൂടെ അവര്‍ നേടിയെടുത്ത കഴിവുകള്‍ തുടര്‍ന്നും ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാവണമെന്നും സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.

ശമ്പളം, പെന്‍ഷന്‍ തുടങ്ങി ജീവനക്കാരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടും.