ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച്‌ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഭാവിയില്‍ പ്രധാനമന്ത്രി ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാറില്‍ നടന്ന നേത്ര കുംഭ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു തിരാത്ത് സിംഗ് റാവത്ത്.

ലോകനേതാക്കള്‍ നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണിത്. മുന്‍പ് രാജ്യത്തെ സാഹചര്യം ഇത്തരത്തിലായിരുന്നില്ല. രാജ്യത്തെ സാഹചര്യങ്ങളില്‍ വലിയ മാറ്റം ഉണ്ടായത് പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ മുഖേനയാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ കാലങ്ങളില്‍ രാമന്‍ സമൂഹത്തിനായി നിരവധി സദ്പ്രവൃത്തികള്‍ ചെയ്തിരുന്നു. അങ്ങനെ ജനങ്ങള്‍ രാമനെ ആരാധിക്കാന്‍ തുടങ്ങി. ഭാവിയില്‍ പ്രധാനമന്ത്രിയും രാമനെ പോലെ ആരാധിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുംഭമേളയ്ക്ക് ജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി തീര്‍ത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.