ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്‌കർ ഇ ത്വായ്ബ ഭീകരൻ ജഹാംഗീർ അഹമ്മദ് വാണിയെയാണ് വധിച്ചത്. ഷോപ്പിയാനിലായിരുന്നു സംഭവം.

റാവൽപോര മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്.

രാഖ് നരാപോര സ്വദേശിയാണ് സുരക്ഷാ സേന വധിച്ച അഹമ്മദ് വാണി. കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇയാൾ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.