മുംബൈ : മഹാരാഷ്ട്രയിൽ പക്ഷിപ്പനി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം 5,818 കോഴികളാണ് ചത്തത്. കൊറോണ വ്യാപനത്തിനിടയിൽ സംസ്ഥാനത്ത് പക്ഷിപ്പനി ബാധയും രൂക്ഷമാകുന്നത് അധികൃതരിൽ കടുത്ത ആശങ്കയുളവാക്കിയിട്ടുണ്ട്.

അമരാവതി ജില്ലയിലാണ് പക്ഷിപ്പനി ബാധയെ തുടർന്ന് കൂടുതൽ കോഴികൾ ചത്തത്. 5,819 കേസുകൾ റിപ്പോർട്ട് ചെയ്തു. നന്ദുർബർ ജില്ലയിൽ 13 കോഴികൾ പക്ഷിപ്പനി ബാധയെ തുടർന്ന് ചത്തു. അതേസമയം കാക്ക, കുയിൽ, തത്ത തുടങ്ങിയ പക്ഷികളിൽ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇതുവരെ 10,66,079 കോഴികളെ കൊന്നൊടുക്കുകയും, 60,75,803 മുട്ടകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 83,796 കിലോ കോഴിത്തീറ്റയും നശിപ്പിച്ചു.

പക്ഷിപ്പനി ബാധിത പ്രദേശങ്ങളിൽ നിലവിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഫാം ജീവനക്കാരും കർഷകരും വളർത്തു പക്ഷികളുമായി ഇടപഴകുമ്പോൾ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് സർക്കാർ അറിയിച്ചു