ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാന പദ്ധതികളിൽ ഒന്നായ ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണം അടുത്തവർഷം പകുതിയോടെ ഉണ്ടാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതിയും അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. യുപിഇഎസ് സർവ്വകലാശലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
അടുത്ത ദശകമാകുമ്പോഴേക്കും 16 ടൺ പ്ലേയ്ലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഹെവി ലിഫ്റ്റ് ലോഞ്ച് വെഹിക്കിളുകൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ നേടാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നതെന്ന് ശിവൻ പറഞ്ഞു. ചാന്ദ്രയാൻ 2 ന്റെ പരാജയത്തിന് കാരണമായ പോരായ്മകൾ മനസ്സിലാക്കിയിട്ടുണ്ട്. 2022 ലെ ചാന്ദ്രയാൻ 3 ദൗത്യം ഈ പോരായ്മകൾ പരിഹരിച്ചുകൊണ്ടുള്ളതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗഗൻയാന്റെ രൂപകൽപ്പന അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് പരിശ്രമിക്കുന്നതെന്നും ശിവൻ കൂട്ടിച്ചേർത്തു.