തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനത്തെലത്തി ബിജെപിയും. സംസ്ഥാന ഘടകം നല്‍കിയ പട്ടികയ്ക്ക് ചില മാറ്റങ്ങളോടെ തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച അനുമതി നല്‍കിയരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നത്. ഇന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.

115 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചിരുന്നു. അതേസമയം എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ ഉടനെ പ്രഖ്യാപിക്കില്ലെന്നും മറ്റ് മുന്നണികളുടെ സ്ഥാനാര്‍ഥികളെകൂടി അറിഞ്ഞ ശേഷം മാത്രമേ ചില പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നടന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. സുരേഷ് ഗോപി തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റിലോ തൃശൂരോ ആയിരിക്കും സ്ഥാനാര്‍ഥിയാകുക. പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശും കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും ചെങ്ങന്നൂരില്‍ ആര്‍ ബാലശങ്കറും മല്‍സരിക്കും.

മഞ്ചേശ്വരത്ത് നിന്നാകും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ജനവിധി തേടുക. കോന്നിയിലും സുരേന്ദ്രന്റെ പേര് സജീവമാണെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമാകും തീരുമാനത്തിലെത്തുക. കഴക്കൂട്ടത്ത് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ഉണ്ടാകും എന്ന സൂചനയും ബിജെപി നേതാക്കള്‍ നല്‍കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും കളത്തിലിറങ്ങുന്ന കഴക്കൂട്ടത്ത് എസ് എസ് ലാല്‍ ആകും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. ബിജെപി ഇത്തവണ വിജയസാധ്യത കല്‍പിക്കുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടം.

ഹരിപ്പാട് ബി.ഗോപാലകൃഷ്ണനും പുതുപ്പള്ളിയില്‍ എന്‍. ഹരിയും പട്ടികയിലുണ്ട്. ധര്‍മടത്ത് സി.കെ. പത്മനാഭന്‍ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. ഞായറാഴ്ച ഉച്ചയോടെ ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.