രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്.

48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. അതേസമയം, മരണസംഖ്യ വീണ്ടും 500 കടന്നത് ആശങ്കയായി. ഇതുവരെ 1,21,090 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. 11,64,648 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. രോഗമുക്തി നിരക്ക് 91.15 ശതമാനമായി ഉയര്‍ന്നു. മരണ നിരക്ക് 1.5 ശതമാനമായി തുടരുകയാണ്.