നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്സില്‍ വീണ്ടും കലഹം പിടിമുറുക്കുന്നു. കാസര്‍ഗോഡ് കോണ്‍ഗ്രസ്സിലാണ് ഈ തവണ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ സീറ്റ് വിഭജനമാണ് പുതിയ വഴക്കിന് വഴി തുറന്നിരിക്കുന്നത്. സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഡിസിസിഐ ലാണ് പൊട്ടിത്തെറി. സംഭവത്തില്‍ പ്രതിഷേധിച്ച് 10 ഡിസിസി ഭാരവാഹികള്‍ രാജിവെച്ചു. ഉദുമ സീറ്റില്‍ ജില്ലയിലെ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരെ പരിഗണിച്ചില്ല, തൃക്കരിപ്പൂര്‍ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതിനെ പറ്റി ജില്ല നേതൃത്വുമായി ആലോചിച്ചില്ല എന്നിവയാണ് നിലവിലെ പ്രശ്നങ്ങളുടെ കാരണമായി ഉയര്‍ത്തി കാട്ടുന്നത്. ഡിസിസി പ്രസിഡന്റും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
ഉദുമ സീറ്റിലേക്ക് ആദ്യഘട്ടത്തില്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍, കെപിസിസി സെക്രട്ടറിമാരായ ബാലകൃഷ്്ണന്‍ പെരിയ, കെ.നീലകണ്ഢന്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ബാലകൃഷ്ണന് പെരിയയുടെ പേര് മാത്രമാണ് നേതൃത്വത്തിന്റെ പരിഗണിനയിലുള്ളതെന്ന് അറിഞ്ഞതോടെയാണ് 10 ഡിസിസി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ഈ തവണ കോണ്‍ഗ്രസ്സ് ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന മണ്ഡലമാണ് ഉദുമ. പെരിയ ഇരട്ടക്കൊലപാതകം അരങ്ങേറിയ കല്യോട്ട് പ്രദേശം ഉദുമയിലാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ്സിന് വിജയസാധ്യത ഒരല്‍പ്പം ഉദുമയില്‍ കൂടുതലുമാണ്.
ജില്ലയിലെ മൂന്ന് സീറ്റുകളിലാണ് കോണ്‍ഗ്രസ്സ് മത്സരിക്കുന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ്സ് മത്സരിക്കുന്ന തൃക്കരിപ്പൂര്‍ സീറ്റ് ഘടകക്ഷികളായ കേരള കോണ്‍ഗ്രസ്സ് വിഭാഗത്തിന് കൈമാറിയതില്‍ ജില്ലാ നേതൃത്വത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ജില്ലാ നേതൃത്വവുമായി ആലോചിക്കാതെയാണ് മുകളില്‍ നിന്നും ഇത്തരമൊരു തീരുമാനം എത്തിയിട്ടുള്ളത്.
കോണ്‍ഗ്രസ്സില്‍ കൊഴിഞ്ഞ് പോക്ക്: കാസര്‍ഗോഡും കലഹം
