കാന്‍പുര്‍: കാന്‍പുരില്‍ കൂട്ടബലാത്സംഗത്തിനിരയായ 13 കാരിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം . മകള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പിതാവ് വാഹനാപകടത്തില്‍ മരിച്ചത്. അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.

രണ്ട് ദിവസം മുമ്പാണ് 13 കാരിയായ മകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് കാന്‍പുര്‍ സ്വദേശി പോലീസില്‍ പിതാവ് പരാതി നല്‍കിയത്. ഇതിനുപിന്നാലെ പ്രതികളുടെ കുടുംബത്തില്‍നിന്ന് പിതാവിന് ഭീഷണിയുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ കാന്‍പുര്‍ സ്വദേശി മരിച്ചത്. ഇതേ തുടര്‍ന്ന് പീഡനക്കേസിലെ പ്രതികളാണ് അപകടമരണത്തിന് പിന്നിലെന്ന് കുടുംബം ആരോപണമുയര്‍ത്തി .

യു.പി. പോലീസിലെ എസ്.ഐ.യാണ് ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ഗോലു യാദവിന്റെ പിതാവ്. പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗോലു യാദവിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത് . പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗോലു യാദവിന്റെ സഹോദരനടക്കം വീട്ടിലെത്തി അച്ഛന്‍ എസ്.ഐ.യാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പിതാവിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ പോലീസിന് പങ്കുണ്ടെന്നും ഇവര്‍ ആരോപിച്ചു.

അതേസമയം, വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെടുക്കുമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. രണ്ട് കേസുകളിലും അന്വേഷണം തുടങ്ങിയതായും പോലീസ് വെളിപ്പെടുത്തി .