ബംഗളൂരു : കർണാടകയിൽ ഏഴാം ക്ലാസുകാരനായ വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തി. മൂക്കും സ്വകാര്യ അവയവങ്ങളും മുറിച്ചെടുത്താണ് വിദ്യാർത്ഥിയെ അജ്ഞാത സംഘം കൊലപ്പെടുത്തിയത്. കർണാടകയിലെ നരിബോളി ജില്ലയിലാണ് സംഭവം. പതിനാലുകാരനായ മഹേഷ് കോലിയാണ് കൊല്ലപ്പെട്ടത്.

കൊറോണ ലോക്ഡൗൺ കാരണം വീട്ടിലുണ്ടായിരുന്ന മഹേഷിനെ അഞ്ച് ദിവസം മുൻപാണ് കാണാതായത്. അന്വേഷണത്തിനായി പോലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ശനിയാഴ്ചയോടെ മൃതദേഹം ഭീമ നദിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ചാക്കിൽ കെട്ടിയ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

മൂക്കും സ്വകാര്യ ഭാഗങ്ങളും മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ പല്ലുകളും പറിച്ചെടുത്തിരുന്നു. കൊലപ്പെടുത്തുന്നതിന് മുൻപ് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

മഹേഷിന് മറ്റൊരു സമുദായത്തിലെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയമുള്ളതായി മഹേഷിന്റെ അമ്മ അറിയിച്ചു. അത് അറഞ്ഞ പെൺകുട്ടിയുടെ കുടുംബാംഗങ്ങളാകാം മഹേഷിനെ കൊലപ്പെടുത്തിയത് എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.