ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ ഇന്നലെ മാത്രം മൂന്നു ശതമാനത്തിലേറെ വര്‍ധന. പതിനാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എണ്ണവില ഉയര്‍ന്നത് ഗള്‍ഫിലെയും മറ്റും ഉല്‍പാദക രാജ്യങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.

അസംസ്കൃത എണ്ണവില ബാരലിന് രണ്ടര ഡോളറോളമാണ് പുതുതായി ഉയര്‍ന്നത്. ഇതോടെ ബാരലിന് എണ്ണവില 69 കടന്നു. വരുംദിവസങ്ങളില്‍ വില വീണ്ടും ഉയര്‍ന്നേക്കാനാണ് സാധ്യത. ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദനം നടത്തുന്ന സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വന്‍തുകയുടെ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്ബത്തിക തകര്‍ച്ചക്കിടയില്‍ അപ്രതീക്ഷിത വരുമാനവര്‍ധന കൂടിയാണിത്.

ഉല്‍പാദനം ഉയര്‍ത്തുന്നതു സംബന്ധിച്ച തീരുമാനം ഏപ്രില്‍ മാസം വരെ നീട്ടാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനമാണ് വിപണിയില്‍ വീണ്ടും വില ഉയരാന്‍ കാരണമായത്. പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ ഒന്നര ദശലക്ഷം ബാരല്‍ കുറവ് വരുത്താന്‍ കഴിഞ്ഞ വര്‍ഷമാണ് ഒപെക് തീരുമാനിച്ചത്. നടപ്പുമാസം തീരുമാനം പുനഃപരിശോധിക്കുമെന്നും ഉല്‍പാദനം ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അടുത്തമാസം വരെ തല്‍സ്ഥിതി തുടരാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഒപെക് മന്ത്രിതല യോഗം തീരുമാനിച്ചത്. ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ ഉള്‍പ്പെടെ നിരവധി ഇറക്കുമതി രാജ്യങ്ങള്‍ മുന്നോട്ടു വെച്ചെങ്കിലും ഒപെക് അംഗീകരിച്ചില്ല.