കൊച്ചി : പുനഃനിർമ്മാണ പ്രവർത്തനങ്ങൾക്കും ഭാരപരിശോധനയ്ക്കും ശേഷം പാലാരിവട്ടം പാലം നാളെ തുറക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആഘോഷങ്ങളില്ലാതെയാകും പാലം തുറക്കുക. വൈകുന്നേരം നാല് മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.

2020, സെപ്റ്റംബർ 28 നാണ് പാലത്തിന്റെ പുനഃനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഡിഎംആർസിയുടെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. അഞ്ച് മാസം പത്ത് ദിവസം കൊണ്ടാണ് പാലത്തിന്റെ പണികളെല്ലാം പൂർത്തിയായത്. തുടർന്ന് ഒരാഴ്ചയോളം നീണ്ട ഭാരപരിശോധനയും വിജയകരമായി പൂർത്തിയാക്കി. മെട്രോമാൻ ഇ. ശ്രീധരന്റെ മേൽ നോട്ടത്തിലയിരുന്നു പാലം പുനഃനിർമ്മാണം.

കഴിഞ്ഞയാഴ്ചയാണ് പാലത്തിന്റെ ഭാര പരിശോധന ആരംഭിച്ചത്. ഒരാഴചത്തോളം നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പാലം സർക്കാരിന് കൈമാറുകയും ചെയ്തു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾക്ക് പുറമെ പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

2016 ഒക്ടോബർ 12നാണ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 2017ൽ പാലത്തിന്റെ ഉപരിതലത്തിൽ കുഴികൾ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ടാറിങ്ങിലും ഡെക്ക് കണ്ടിന്യുറ്റിയിലും പ്രശ്നങ്ങൾ കണ്ടെത്തി. കോടികൾ ചെലവഴിച്ച് രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. കൊട്ടിഘോഷിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തു. രണ്ടരവർഷത്തിനുള്ളിൽ അടയ്ക്കേണ്ടിവന്നതാണ് പാലാരിവട്ടം മേൽപ്പാലം.