2030 ഓടെ പൂര്‍ണ്ണമായും ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ തീരുമാനിച്ച്‌ സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിക്കാനാണ് കമ്ബനിയുടെ തീരുമാനം.

2030 ഓടെ വോള്‍വോ ഇലക്‌ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും നിരത്തിലിറക്കുക. സീറോ എമിഷന്‍ വാഹനങ്ങള്‍ എന്ന ആശയം ശക്തമാകുകയും അന്തരീക്ഷ മിലിനീകരണം കുറയ്ക്കാന്‍ ലോകമെമ്ബാടുമുള്ള പോരാട്ടത്തിന് പിന്തുണ നല്‍കാനുമാണ് വോള്‍വോ ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്.

2025 ഓടെ ഭാഗികമായി വോള്‍വോ ഇലക്‌ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കും. ഇതിനോടൊപ്പം തന്നെ വാഹന വില്‍പ്പന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിനുള്ള നടപടികളും വോള്‍വോ സ്വീകരിക്കും. വാഹനം തെരഞ്ഞെടുക്കന്നതിലും വാങ്ങുന്നതിലും ഉപഭോക്താക്കള്‍ക്ക് ഏറെ സങ്കീര്‍ണ്ണതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതോടെ ഈ പ്രക്രിയ കൂടുതല്‍ സുതാര്യമാകുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം വോള്‍വോയുടെ രണ്ടാമത്തെ ഇലക്‌ട്രിക് എസ് യു വിയായ സി 40 വിപണിയില്‍ അവതരിപ്പിച്ചിരുന്നു.