തൃശൂർ: പത്തൊൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടൻ അരവിന്ദ് വീണ്ടും ഗുരുവായൂരിലെത്തുന്നത് . പിറന്നാൾ ദിനത്തിലെ നേർച്ച നിറവേറ്റാനായാണ് നടൻ അരവിന്ദ് ഗുരുവായൂരിലെത്തിയത് . ഉത്സവ സമയമായതിനാൽ ക്ഷേത്രത്തിൽ തിരക്കുണ്ടായിരുന്നു . അതുകൊണ്ട് തന്നെ നന്ദനത്തിലെ കണ്ണനെ കണ്ടവർ തിരിച്ചറിയുകയും ചെയ്തു .

കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി അമ്പലത്തില്‍ പ്രവേശിച്ചപ്പോള്‍ ഉത്സവത്തിന്റെ ഭാഗമായുള്ള മേളം നടക്കുകയായിരുന്നു. ഭഗവാനെ തൊഴുത് ഉപദേവനായ അയ്യപ്പന്റെ നടയില്‍ കാണിക്കയര്‍പ്പിച്ച് കുറച്ചു നേരം എഴുന്നെള്ളിപ്പ് നോക്കി നിന്നു. നേര്‍കോലുക്കൊണ്ട് ഭക്തമനസ്സില്‍ പെരുക്കലിന്റെ പെരുമഴ തീര്‍ക്കുന്ന പത്മശ്രി പെരുവനം കുട്ടന്‍ മാരാരെ അരവിന്ദ് തൊഴുതു.

തുടർന്ന് അരവിന്ദ് ക്ഷേത്രനടയിൽ സിനിമയിലെ രംഗത്തിലേതു പോലെ ഫോട്ടോ എടുത്താണ് മടങ്ങിയത്.2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് അരവിന്ദ്. അതില്‍ അവസാനഭാഗത്ത് കൃഷ്ണനായി വരുന്ന അരവിന്ദ് മലയാള മനസ്സില്‍ ഇടം നേടിയിരുന്നു.