കൊച്ചി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. മലബാർ കലാപത്തിൽ വിളിച്ച മുദ്രാവാക്യം വീണ്ടും വിളിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണ്. ഇതാണോ ദൈവത്തിന്റെ സ്വന്തം നാടെന്ന് നിർമ്മല സീതാരാമൻ മുഖ്യമന്ത്രിയോട് ചോദിച്ചു.

കേരളം ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാടല്ല. ആക്രമണം ഇവിടെ സ്ഥിരമായി നിലനിൽക്കുന്നുണ്ട്. പിണറായി വിജയൻ കൂടുതൽ സമയവും പിആർ ജോലികൾക്കാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ നിർമ്മല രാജ്യത്തിലെ മൂന്നിലൊന്ന് കൊറോണ കേസുകളും കേരളത്തിലാണെന്നും ചൂണ്ടിക്കാട്ടി.

എസ്ഡിപിഐയുമായി സർക്കാരിന് പ്രത്യക്ഷത്തിൽ സഖ്യമില്ലെങ്കിലും പരോക്ഷമായി ശക്തമായ സഖ്യമുണ്ട്. പന്തളം നഗരസഭയിൽ സംഭവിച്ചത് പോലെ കേരളമെമ്പാടും സംഭവിക്കണം. സ്വർണക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പറഞ്ഞ നിർമ്മല രാഹുൽ ഗാന്ധി കേരളത്തിലെത്തിയിട്ട് സ്വർണകടത്തിനെ കുറിച്ചു എന്തുകൊണ്ട് സംസാരിച്ചില്ലെന്നും ചോദിച്ചു.