ന്യൂഡല്‍ഹി: വ്യോമസേനാ വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്‍ സേനയുടെ പിടിയിലായപ്പോള്‍ മോചനത്തില്‍ നിര്‍ണായകമായത്‌ എന്തെന്നാണ് പലരും തലപുകച്ചത്. ഇന്ത്യ ആകട്ടെ, കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ തയ്യാറായതുമില്ല. എന്നാല്‍ ഇതിന്റെ കാരണം ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുകയാണ്. ഇന്ത്യന്‍ രഹസ്വാന്വേഷണ ഏജന്‍സി റോയുടെ തലവന്‍ അനില്‍ ദംസാന, പാക്‌ ചാരസംഘടന ഐ.എസ്‌.ഐ. മേധാവിയെ വിളിച്ച അസാധാരണ ഫോണ്‍ കോള്‍ ആണ് മോചനത്തിന് കാരണം.

അഭിനന്ദിനെ മോചിപ്പിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ഗുരുതര പ്രത്യാഘാതത്തെക്കുറിച്ചു പാകിസ്ഥാനു മുന്നറിയിപ്പു നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ച പ്രകാരമായിരുന്നു സുരക്ഷിത ലൈനിലൂടെയുള്ള ഈ അസാധാരണ വിളി. ബാലാകോട്ട്‌ ആക്രമണത്തിനു പിന്നാലെ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖയില്‍ നടത്തിയ വെല്ലുവിളി ചെറുക്കുന്നതിനിടെയാണ്‌ മിഗ്‌ -21 ബൈസണ്‍ പോര്‍വിമാനത്തില്‍നിന്ന്‌ വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അബദ്ധത്തില്‍ പാക്‌ സേനയുടെ പിടിയിലായത്‌.

പാക്‌ അധീന കാശ്‌മീരിലെ ഗ്രാമീണര്‍ അഭിനന്ദനെ പിടികൂടി പാകിസ്ഥാന്‍ സൈന്യത്തിന്‌ കൈമാറുകയായിരുന്നു. എന്നാല്‍, ഇന്ത്യ നടത്തിയ ശക്‌തമായ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ അഭിനന്ദനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സമാധാനത്തിന്റെ സന്ദേശമെന്നാണ്‌ 2019 ഫെബ്രുവരി 28ന്‌ അഭിനന്ദനെ മോചിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്‌.

എന്നാല്‍, ചോരയൊലിപ്പിച്ചുകൊണ്ടുള്ള അഭിനന്ദന്റെ ചിത്രങ്ങളും ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഗ്രാമീണരുടെ ചിത്രങ്ങളും കണ്ട പ്രധാനമന്ത്രി മോദി വൈമാനികന്റെ മോചനം സാധ്യമാക്കാന്‍ ഇന്ത്യ എന്തും ചെയ്യുമെന്ന്‌ പാകിസ്ഥാനെ ധരിപ്പിക്കാന്‍ റോ മേധാവിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇന്ത്യയുടെ കൈയിലുള്ള ആയുധങ്ങള്‍ ദീപാവലിക്കുള്ളതല്ല എന്നതായിരുന്നു പാകിസ്ഥാനുള്ള പ്രധാനമന്ത്രിയുടെ സന്ദേശം. ഇതേത്തുടര്‍ന്ന്‌ അന്നത്തെ ഐ.എസ്‌.ഐ. മേധാവി ജനറല്‍ സയ്‌ദ്‌ അസീം മുനീര്‍ അഹമ്മദ്‌ ഷായെ ആണ്‌ റോ മേധാവി ഇന്ത്യയുടെ ശക്‌തമായ നിലപാട്‌ അറിയിച്ചത്‌. വെറുതേ പറയുക അല്ല എന്നു പാകിസ്ഥാനെ ബോധ്യപ്പെടുത്താന്‍ രാജസ്‌ഥാന്‍ മേഖലയില്‍ പ്രിഥ്വി ബാലിസ്‌റ്റിക്‌ മിെസെലുകള്‍ സജ്‌ജമാക്കി നിര്‍ത്തുകയും ചെയ്‌തു.