ന്യൂഡൽഹി: വാട്ട്‌സ് ആപ്പിന് സമാനമായ രീതിയിൽ മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ഇന്ത്യൻ സൈന്യം. സുരക്ഷിതമായ രീതിയിൽ ആശയ വിനിമയം നടത്താനാണ് പുതിയ മെസേജിംഗ് ആപ്ലിക്കേഷൻ സൈന്യം പുറത്തിറക്കിയത്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് ( എസ് എ ഐ) എന്നാണ് ആപ്ലിക്കേഷന്റെ പേര്. സുരക്ഷിതമായ രീതിയിൽ ഈ ആപ്ലിക്കേഷനിലൂടെ സന്ദേശങ്ങൾ അയക്കാനും വീഡിയോ കോൾ ചെയ്യാനും ശബ്ദ സന്ദേശം അയക്കാനും കഴിയും. വാട്ട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയുടേതിന് സമാനമായ ആപ്ലിക്കേഷനാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് സൈന്യത്തിനായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും എസ് എ ഐ ആപ്ലിക്കേഷനിലുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി. ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ദേശ സുരക്ഷയെ കണക്കിലെടുത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ ഉൾപ്പെടെയുള്ള 88 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ സൈനികർക്ക് നിർദ്ദേശം നൽകിയിരുന്നു.