ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും തമിഴ്‌നാട്ടിലെത്തി. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. പൊതു യോഗങ്ങളില്‍ ഷാ പങ്കെടുക്കും. തമിഴ്നാട്ടില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ സന്ദര്‍ശനത്തിന് എത്തുന്നത്. തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ വിജയം ഉറപ്പിക്കാനും അതോടൊപ്പം കൂടുതല്‍ സീറ്റ് നേടി തമിഴ്നാട്ടില്‍ നിര്‍ണായക ശക്തിയാവുക എന്നതുമാണ് ബിജെപിയുടെ ലക്ഷ്യം.

രാവിലെ കാരയ്ക്കലില്‍ എത്തുന്ന അമിത് ഷാ വിവിധ പൊതു പരിപാടികളില്‍ പങ്കെടുക്കും. തുടര്‍ന്ന് പുതുച്ചേരിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് ശേഷം തമിഴ്നാട്ടില്‍ എത്തുന്ന അമിത് ഷാ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട്, വിഴുപ്പുറം ജില്ലകളിലെ ബിജെപി ഭാരവാഹികളുമായി ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍, സഖ്യ തീരുമാനം, സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയവ ചര്‍ച്ചയാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തയാഴ്ച്ച തമിഴ്‌നാട് സന്ദര്‍ശിയ്ക്കും.