തിരുവനന്തപുരം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കോവിഡ് വാക്സിനേഷനായി മാര്‍ഗനിര്‍ദ്ദേശം ഇന്ന് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം. തിങ്കളാഴ്ച (മാര്‍ച്ച്‌ 1) വാക്സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനങ്ങള്‍ക്ക് വ്യക്തമായ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. തിങ്കളാഴ്ച രജിസ്ട്രേഷന്‍ മാത്രമേ തുടങ്ങാന്‍ സാധ്യതയുള്ളു.

60 -ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 കഴിഞ്ഞ രോഗബാധിതര്‍ക്കും തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്സിന്‍ നല്‍കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. എന്നാല്‍ സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അടുത്ത ഘട്ടത്തിനായി സജ്ജമാകണമെന്ന അറിയിപ്പ് മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. മാര്‍ഗ്ഗനിര്‍ദ്ദേശം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കോവിന്‍ പോര്‍ട്ടല്‍ നവീകരണ ജോലികള്‍ നടക്കുന്നതില്‍ ഇന്ന് രാത്രിവരെ രജിസ്ട്രേഷന്‍ സാധ്യമല്ല. നാളെയെ രജിസ്ട്രേഷന്‍ പുനരാരംഭിക്കാനാകു. –

രജിസ്ട്രേഷന് വേണ്ടി ‘കോവിന്‍’ പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കിയേക്കും. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാനാകും. 60 വയസ് കഴിഞ്ഞ 45 ലക്ഷം പേര് സംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും കോവിഡ് മുന്നണി പോരാളികളുടെയും വാക്സിനേഷന്‍ കാര്യമായ പ്രശ്നങ്ങളില്ലാതെ നടത്താനായി. എന്നാല്‍ അടുത്ത ഘട്ടം നിര്‍ണായകമാണ്. പൊതുമുന്നൊരുക്കം നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കൃത്യമായ മാര്‍ഗ്ഗരേഖയില്ലാത്തതിനാല്‍ ആശയകുഴപ്പത്തിലാണ് ആരോഗ്യവകുപ്പ്.

‘കോവിന്‍ 1.-0’ എന്ന നിലവിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ‘കോവിന്‍ 2.-0’ ആയി നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്ന ശേഷമേ രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങാനാകൂ. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തത്. സര്‍ക്കാര്‍ സംവിധാനത്തിെന്റെയും, കൃത്യമായ കണക്ക് ലഭ്യമാകും എന്നതിനാലും ഈ രണ്ട് വിഭാഗങ്ങളുടെയും രജിസ്ട്രേഷന്‍ മുതല്‍ സമയമറിയിക്കലും കുത്തിവെയ്പുമടക്കം നടപടികള്‍ സുഗമമായിരുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങളാണെന്നാതിനാല്‍ കാര്യമായ മുന്നൊരുക്കവും ആസൂത്രണവും വേണ്ടിവരും.