ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക്കു ഇണങ്ങുന്നതും മന:ശാസ്ത്രപരമായി യോജിക്കുന്നതുമായ കളിപ്പാട്ടങ്ങൾ നിർമ്മിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യൻ കളിപ്പാട്ട നിർമ്മാതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘പുനരുപയോഗം’ ഇന്ത്യൻ ജീവിതശൈലിയുടെ ഭാഗമായിരുന്നു. പുതിയ കണ്ടുപിടിത്തങ്ങൾക്ക് പ്രധാന്യം നൽകണം. ആത്മനിർഭർ ഭാരതിന്റെ ആശയത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങൾ നമ്മൾ തന്നെ ഉദ്പാദിപ്പിക്കണം. ഇതിലൂടെ ആഗോള തലത്തിൽ കൂടുതൽ ഉദ്പാദനം നടത്തുന്ന രാജ്യമായി മാറാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന 85 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. 100 ബില്ല്യൺ യുഎസ് ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയിൽ ഇന്ത്യയ്ക്ക് ചെറിയ പങ്ക് മാത്രമെയുള്ളൂ എന്നതിൽ ദുഃഖമുണ്ട്. കൈ കൊണ്ട് നിർമ്മിക്കുന്ന കളിപ്പാട്ടങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആയിരത്തിലധികം കളിപ്പാട്ട നിർമ്മാതാക്കളും വിതരണക്കാരും മേളയിൽ പങ്കെടുത്തിരുന്നു. മേളയിൽ ആഗോളതലത്തിൽ പ്രചാരത്തിലുള്ള വിവിധ കളിപ്പാട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 പഴയ പാരമ്പര്യങ്ങളെ ശക്തിപ്പെടുത്തും. ഇന്ന് ലോകത്ത് വളരെ പ്രചാരമുള്ള ചെസ്സ് നേരത്തെ ഇന്ത്യയിൽ ‘ചതുരംഗ’ എന്ന പേരിൽ കളിച്ചിരുന്നു. ലുഡോയെ പിന്നീട് ‘പാച്ചിസി’ ആയി കളിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിന്ധു നാഗരികതയുടെ കാലഘട്ടം മുതൽ മൊഹൻജൊ-ദാരോ മുതൽ ഹാരപ്പ വരെയുള്ള കാലത്തും കളിപ്പാട്ടങ്ങളെക്കുറിച്ച് ലോകം ഗവേഷണം നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മേളയിൽ വാരണാസിയിലേയും ജയ്പൂരിലേയും പരമ്പരാഗത കളിപ്പാട്ട നിർമ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു.