പാലക്കാട് : ഇടത് വലത് മുന്നണികള്‍ ബിജെപിയെ ഭയക്കുന്നത് തങ്ങളുടെ അഴിമതികള്‍ പുറത്ത് വരുമെന്ന കാരണത്താലാണെന്ന് നടിയും ബിജെപി അംഗവുമായ ഖുശ്ബു സുന്ദര്‍. അഴിമതി രഹിത ഭരണത്തിന് കേരളത്തില്‍ താമര വിരിയണമെന്നും ഖുശ്ബു പറഞ്ഞു. വിജയ യാത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

സ്വാര്‍ത്ഥത മാത്രമാണ് കോണ്‍ഗ്രസുകാര്‍ക്കുള്ളത്. അതില്‍ മനം മടുത്ത് ജനങ്ങള്‍ക്കും നാടിനും നല്ലത് ചെയ്യണം എന്ന ചിന്തയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് എല്ലാവരും പറയുന്നത് എന്നാല്‍ താനും ഒരു മുസ്ലീമാണെന്ന് ഖുശ്ബു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരളത്തിലെത്തിയ രാഹുല്‍ മീന്‍ പിടിക്കാന്‍ വെള്ളത്തില്‍ ചാടുകയാണ് ചെയ്തത്. എന്നാല്‍ വെള്ളത്തില്‍ ചാടിയാല്‍ വോട്ട് കിട്ടില്ലെന്ന് ഖുശ്ബു പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ബിജെപി വളരുകയാണ്. വിദ്യാസമ്പന്നരായ മെട്രൊ മാന്‍ ഇ ശ്രീധരനെപ്പോലുള്ളവരാണ് ബിജെപിയില്‍ ചേരുന്നത്. ഇത് പാര്‍ട്ടി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നത് കാരണമാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ വന്‍ വിജയമുണ്ടാകുമെന്നും ഖുശ്ബു പറഞ്ഞു.