തിരുവനന്തപുരം: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തില്‍ എയര്‍ ഇന്ത്യ ജീവനക്കാരെ നയിച്ച മലയാളി പടിയിറങ്ങി. 28 വര്‍ഷത്തെ സേവനത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ഇന്‍ഫ്‌ളൈറ്റ് സര്‍വീസസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മധു മാത്തനാണ് ഇന്നലെ വിരമിച്ചത്.

പത്തനംതിട്ട കോഴഞ്ചേരി ചിറകരോട്ട് വീട്ടില്‍ പരേതരായ ലീല മാത്യുവിന്റെയും സി.എം. മാത്യുവിന്റെയും മകനായ മധു മാത്തന്‍ എയര്‍ഇന്ത്യയുടെ 4500 വരുന്ന ക്യാബിന്‍ ക്രൂവിനെയാണ് കൊവിഡ് കാലത്ത് നയിച്ചത്. വന്ദേഭാരത് ദൗത്യത്തില്‍ പങ്കാളികളായ എണ്ണൂറിലധികം ജീവനക്കാര്‍ക്ക് കൊവിഡ് പിടിപെട്ടിരുന്നു. വിമാനജീവനക്കാര്‍ക്ക് ആവശ്യമായ പി.പി.ഇ. കിറ്റുകള്‍, മരുന്നുകള്‍, അവരുടെ ക്വാറന്റൈന്‍ സൗകര്യം തുടങ്ങിയവയ്‌ക്കെല്ലാം ഇദ്ദേഹം മേല്‍നോട്ടം വഹിച്ചു.

വന്ദേഭാരത് ദൗത്യത്തിലൂടെ എണ്ണായിരത്തിലേറെ വിമാനങ്ങളിലായി ഒന്‍പത് ലക്ഷത്തിലേറെപ്പേരെ നാട്ടിലെത്തിച്ചു. 1992ല്‍ എയര്‍ഇന്ത്യയില്‍ ചേര്‍ന്ന മധു മാത്തന്‍ ദക്ഷിണ മേഖലാ സെയില്‍സ് മാനേജര്‍, ഓസ്‌ട്രേലിയയിലെ ജനറല്‍ മാനേജര്‍, ഡല്‍ഹി ആസ്ഥാനത്ത് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.