ആലപ്പുഴ: മാന്നാറില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സില്‍ നാല് പേര്‍ കൂടി അറസ്റ്റിലായി. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരെയാണ് പുതുതായി അറസ്റ്റ് ചെയ്തത്. ഇന്നലെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നും പോലീസ് ഇവരെ പിടികൂടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്ന് രാവിലെയാണെന്നും പോലീസ് അറിയിച്ചു.

ഇവരുടെ സംഘത്തില്‍പ്പെട്ട വ്യക്തിതന്നെയാണ് ബിന്ദുവെന്നും പോലീസ് പറഞ്ഞു. സ്വര്‍ണ്ണം കടത്തുന്ന റാക്കറ്റിന്റെ ഭാഗമായിരുന്ന ബിന്ദു ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണ്ണം കൊണ്ടുവന്നിരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണ്ണം കടത്തിയത്. കൊടുവള്ളിയിലെ രാജേഷിന് സ്വര്‍ണ്ണം കൈമാറണമെന്നായിരുന്നു ധാരണ. ഇത് തെറ്റിച്ചതോടെയാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. കസ്റ്റംസ് സ്വര്‍ണ്ണക്കടത്ത് സംബന്ധമായ മറ്റെല്ലാ വിവരങ്ങളും ശേഖരിച്ചുതുടങ്ങിയതായാണ് വിവരം. ഇന്ന് കസ്റ്റംസ് സംഘം മാന്നാറിലെത്തി തെളിവെടുക്കും.