ഗുവാഹത്തി: ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെ.ഇ.ഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും ഉള്‍പ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന് ഡോ. ജ്യോതിര്‍മയി ദാസ് പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രവേശനപരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാര്‍ത്ഥി പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് ഗുവാഹത്തി പൊലീസ് അറിയിച്ചു.
ഉത്തരക്കടലാസില്‍ പേരും റോള്നമ്ബറും രേഖപ്പെടുത്താന്‍ മാത്രമാണ് നീല്‍ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസില്‍ മറ്റൊരാള്‍ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം വിപുലീകരിച്ചതായും ഇതൊരു ഒറ്റപ്പെട്ട സംഭവമാവാനിടയില്ലെന്നും പൊലീസ് പറയുന്നു. വലിയൊരു കണ്ണി തന്നെ ക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ വിവരം അറിയിച്ചിട്ടുണ്ട്.