കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ പുറത്ത്. നയതന്ത്ര ബാഗേജ് പിടികൂടിയപ്പോള്‍ അത് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചെന്നാണ് അറസ്റ്റ് മെമ്മോയില്‍ പറയുന്നത്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ ശിവശങ്കര്‍ വിളിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നത്. ഇക്കാര്യം ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. സ്വപ്‌നയുടെ സാമ്ബത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ശിവശങ്കര്‍ പ്രത്യേക താത്‌പര്യം കാണിച്ചുവെന്നാണ് പറയുന്നത്. ഇതിനായി അദ്ദേഹം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായും അറസ്റ്റ് മെമ്മോയില്‍ വ്യക്തമാക്കുന്നുണ്ട്.

കളളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് മെമ്മോയില്‍ പറയുന്നു. അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കും. കോടതി അവധിയായതിനാല്‍ ജഡ്‌ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് എന്‍ഫോഴ്‌സ്‌മെന്റ് നീക്കം. ശിവശങ്കറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.