മഹാരാഷ്ട്ര: ടിക് ടോക് താരത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇരുപത്തി രണ്ടു വയസുള്ള ടിക് ടോക് താരം സാമിര്‍ ഗെയ്ക് വാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് സാമിറിന്റെ ഒരു ബന്ധുവാണ് ഇത് സംബന്ധിച്ച വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതെന്ന് ലോനികന്ദ് പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടി ഓഫീസര്‍ പ്രഫുല്ല ഗെയ്ക് വാദ് പറഞ്ഞു.

വാഘോളിയിലെ കേസ്നന്ദ് റോഡിലുള്ള താമസ സ്ഥലത്താണ് സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീറിന്റെ സുഹൃത്താണ് ആദ്യം ഇത് കണ്ടത്. തുടര്‍ന്ന് സമീറിന്റെ സുഹൃത്ത് സമീറിന്റെ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ലൈഫ് ലൈന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ടിക് ടോകിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നിരവധി ആരാധകരാണ് സാമിറിനെ പിന്തുടരുന്നത്. മറാത്തി പ്രേക്ഷകര്‍ക്ക് ഇടയില്‍ സാമിര്‍ പ്രശസ്തനാണ്. സാമിറിന്റെ റെഡ് ലൈറ്റ് ഡയറീസ് ബ്ലോഗ് സീരീസ് ഓണ്‍ലൈനില്‍ നിരവിധ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

അതേസമയം, എന്തു കൊണ്ടാണ് സാമിര്‍ ആത്മഹത്യ ചെയ്തത് എന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സാമിറിന്റെ കുടുംബാംഗങ്ങളുടെയും സാമിറുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

 

 

ഒരു ദിവസം മുമ്പാണ് അവസാനമായി സാമിര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ചെയ്തിരിക്കുന്നത്. റീ പോസ്റ്റ് ആണെന്ന് വ്യക്തമാക്കുന്ന ഹാഷ് ടാഗോടു കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 317K ആരാധകരാണ് സാമിറിനെ പിന്തുടര്‍ന്നിരുന്നത്. ‘ഗിവ് റെസ്പെക്‌ട്, ടേക്ക് റെസ്പെക്‌ട്’ അഥവാ ബഹുമാനം നല്‍കുക ബഹുമാനം എടുക്കുക എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ തുടക്കത്തില്‍ തന്നെ കുറിച്ചിരിക്കുന്നത്. അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ നിരവധി പേരാണ് അനുശോചന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി വീഡിയോകളും ഫോട്ടോകളും സാമിര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു.