കൊല്‍ക്കത്ത: കല്‍ക്കരി കളളക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണവുമായി സഹകരിക്കാനാവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിറ നരുലയ്ക്ക് നോട്ടീസ് നല്‍കി സി.ബി.ഐ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനായ അഭിഷേക് ബാനര്‍ജിയുടെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ നോട്ടീസ് നേരിട്ട് കൈമാറിയതായാണ് വിവരം. ഇവരെ ഇന്ന് വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

അഭിഷേക് ബാനര്‍ജിയുമായി ബന്ധമുള്ള തൃണമൂല്‍ നേതാക്കളുടെ വീട്ടില്‍ അടുത്തിടെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേകിന്റെ വീട്ടിലേക്ക് സിബിഐ സംഘം എത്തിയിരിക്കുന്നത്. മമതയുടെ അനന്തിരവനെതിരെ വലിയ തരത്തിലുള്ള അഴിമതി ആരോപണമാണ് ഉയരുന്നത്. ഇയാളുടെ ഏകാധിപത്യരീതിയിലും അഴിമതിയിലും മറ്റും പ്രതിഷേധിച്ച്‌ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.

കല്‍ക്കരി മാഫിയ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. നിലവില്‍ ഒളിവില്‍ കഴിയുന്ന പാര്‍ട്ടിയുടെ യുവനേതാവ് വിനയ് മിശ്രയിലൂടെയാണ് പണം കൈമാറിയതെന്നും ആരോപണമുണ്ട് . ഇയാള്‍ക്കെതിരെ സിബിഐ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.