മാന്നാര്‍: ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച്‌ യുവതി‍യെ തട്ടിക്കൊണ്ടു പോ‍യി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മാന്നാര്‍ കുഴീക്കാട്ട് വിളയില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വര്‍ണക്കടത്ത് സംഘമാകാം സംഭവത്തിന് പിന്നില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

നാലു ദിവസം മുമ്ബാണ് ബിന്ദു ദുബൈയില്‍ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതല്‍ യുവതി നിരീക്ഷണത്തില്‍ ആയിരുന്നു. കൊടുവള്ളിയില്‍ നിന്നുള്ള ആള്‍ പല തവണ വീട്ടിലെത്തി സ്വര്‍ണം എവിടെയെന്ന് ചോദിച്ചിരുന്നതായും സ്വര്‍ണം തന്‍റെ കൈവശമില്ലെന്ന് ബിന്ദു അറിയിച്ചതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്‍റെ മൊബൈല്‍ ഫോണും പൊലീസിന് കൈമാറിയിട്ടുണ്ട്. അക്രമി സംഘത്തിന്‍റെ കൈയ്യേറ്റത്തില്‍ ബിന്ദുവിന്‍റെ അമ്മ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.