മഞ്ജു വാര്യര്‍, സണ്ണി വെയിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുര്‍മുഖം. ഏകദേശം 25 വര്‍ഷത്തോളം നീളുന്ന സിനിമാ കരിയറില്‍ മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രം എന്ന പ്രത്യേകതക കൂടി കൂടി ‘ചതുര്‍മുഖ’ത്തിനുണ്ട്. ഈ ചിത്രത്തിലെ ഫോട്ടോകളൊക്കെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മഞ്ജുവാര്യര്‍ തമ്ബാനൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും കെഎസ്‌ആര്‍ടിസി ബസ്സിലേക്ക് ചാടി കയറുന്ന വീഡിയോയൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഏകദേശം അഞ്ചര കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മഞ്ജുവാര്യരുടെ ആക്ഷന്‍ സീക്വന്‍സുകള്‍ ആണ്. രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ജീസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ്. വിഷ്വല്‍ ഗ്രാഫിക്സിനു പ്രാധാന്യം നല്‍കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യരെയും, സണ്ണിവെയ്നെയും കൂടാത അലന്‍സിയര്‍, നിരഞ്ജന അനൂപ്, കലാഭവന്‍ പ്രജോദ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളിലെ സജീവസാന്നിധ്യമായ അഭിനന്ദന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മഞ്ജുവാര്യര്‍ ആദ്യമായി റോപ്പ് സ്റ്റണ്ട് സീനുകളൊക്കെ ചതുര്‍മുഖത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.