വള്ളികുന്നം: വീട്ടുമുറത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥി മാവില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. കായംകുളത്തിനടുത്ത് വള്ളികുന്നം കടുവുങ്കല്‍ പ്ലാമൂട്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ഷുക്കൂറിന്‍റെ ഏഴു വയസുകാരനായ മകന്‍ മുഹമ്മദ് ഇര്‍ഷാദാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് കളിക്കാനിരുന്ന മകനെ കാണാതിരുന്നതോടെ മാതാവ് സലീന തിരക്കി ഇറങ്ങിയപ്പോഴാണ് കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കിടക്കുന്നത് കണ്ടത്. ഇവരുടെ ബഹളം കേട്ട് ഓടികൂടിയവര്‍
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. മൂന്നാംകുറ്റി ഗായത്രി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ഇര്‍ഫാന്‍ ആലിയ. ഖബറടക്കം ചൊവ്വാഴ്ച കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.