2014ല്‍ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നതായി ഇന്ത്യ നായകന്‍ വിരാട് കോലിയുടെ തുറന്നുപറച്ചിലിനു ശേഷം ഇംഗ്ലണ്ട് പരമ്പരയിലെ ആ സമയത്ത് വിഷാദാവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ തന്നെ സഹായിച്ചത് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശമായിരുന്നു എന്ന് കോലി. മാര്‍ക്ക് നിക്കോളാസിന്റെ നോട്ട് ജസ്റ്റ് ക്രിക്കറ്റ് പരിപാടിയില്‍ കോലി ഇക്കാര്യം തുറന്നു പറഞ്ഞത്. നെഗറ്റീവ് ചിന്തകളോട് പൊരുതരുത് എന്നായിരുന്നു സച്ചിന്റെ ഉപദേശം. കാര്യങ്ങളുടെ മാനസികസ്ഥിതിയെ കുറിച്ച്‌ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ക്രിക്കറ്റില്‍ അനുഭവിച്ച കാര്യങ്ങള്‍ അദ്ദേഹമെന്നോട് പറഞ്ഞു. നെഗറ്റീവ് ചിന്തകളിലൂടെ കടന്നു പോകുകയോ അല്ലെങ്കില്‍ സ്ഥിരമായി അത്തരം ചിന്തകള്‍ ഉണ്ടാകുകയോ ആണെങ്കില്‍ അത് വിട്ടു കളയൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ചിന്തകളോട് പൊരുതിയില്‍ അത് കൂടുതല്‍ വളരും. ആ ഉപദേശമാണ് പിന്നീട് ഞാന്‍ മനസ്സില്‍ വച്ചത്- കോലി പറഞ്ഞു.

അതേസമയം ഇംഗ്ലണ്ട് പരമ്പരയില്‍ മോശം പ്രകടനമായിരുന്നു കോലിയുടേത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളിലെ പത്ത് ഇന്നിങ്സുകളില്‍ നിന്നും താരത്തിന്റെ ബാറ്റിങ് ശരാശരി വെറും 13.40 മാത്രമായിരുന്നു. 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. തുടര്‍ന്ന് താരം അവിസ്മരണീയ തിരിച്ചുവരവ് നടത്തി.