മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികളടക്കമുള്ള നാല് കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതായി പൊലിസ്. ഗോത്രവര്‍ഗത്തില്‍പ്പെട്ട 13ഉം ആറും വയസുള്ള രണ്ടു പെണ്‍കുട്ടികളും 11ഉം എട്ടും വയസുള്ള രണ്ടു ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്.

കോടാലി ഉപയോഗിച്ച്‌ കുഞ്ഞുങ്ങളെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും ആരേയും അറസ്റ്റു ചെയ്തിട്ടില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
സാഹചര്യ തെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കൊലചെയ്യപ്പെട്ട കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതെന്ന് മനസിലായതെന്നും പൊലിസ് പറഞ്ഞു. പോക്‌സോ വകുപ്പു ചുമത്തിയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെളിവുകള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ പ്രതാപ് ദിഘവ്കര്‍ അറിയിച്ചു. അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 15ന് രാത്രിയാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജല്‍ഗാവ് ജില്ലാ ആസ്ഥാനത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയുള്ള റാവെര്‍ താലൂക്കിലെ ഗ്രാമത്തിലായിരുന്നു സംഭവം. ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ മൂത്ത മകനോടൊപ്പം അവിടേക്ക് പോയതായിരുന്നു.
പരിചയത്തിലുള്ള ഒരാളെയാണ് കുട്ടികളെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത്.

കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഗ്രാമത്തിലെ മറ്റാരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ ആളുകളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.