ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ രശ്മി സാവന്ത് രാജി വച്ചു. ചുമതലയേറ്റ് ഒരാഴ്ച തികയും മുന്‍പ് തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വംശീയവിദ്വേഷം ജനിപ്പിക്കുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് രാജി. പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് ഏറെ നാള്‍ മുന്‍പാണ് എം.എസ്‌സി വിദ്യാര്‍ത്ഥിനിയായ രശ്മി വിവാദമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. എന്നാല്‍, രശ്മി പ്രസിഡന്റായതിന് ശേഷം ഈ വിവാദം പിന്നെയും ഉയര്‍ന്നുവരികയായിരുന്നു. രാജി വച്ച വിവരം യൂണിയന്‍ പ്രസിദ്ധീകരണമായ ദി ഓക്‌സ്‌ഫഡ് സ്റ്റുഡന്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് രശ്മി വിദ്യാര്‍ത്ഥികളെ അറിയിച്ചത്.