അബുദാബി: അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി കമ്ബനി എഡിക്യു വീണ്ടും ലുലുഗ്രൂപ്പില്‍ മുതല്‍ മുടക്കുന്നു. രാജകുടുംബാംഗമായ ശൈഖ് താനുണ് ബിന്‍ സായിദ് അല്‍ നഹ്യാന് ചെയര്‍മാനായ അബുദാബി കമ്ബനിയാണ് എഡിക്യു. മധ്യപൗരസ്ത്യദേശത്തെയും, ഉത്തരാഫ്രിക്കയിലെയും, ഏറ്റവുും വലിയ വിപണിയായ (Middle East & North Africa Region – MENA) ഈജിപ്റ്റിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കുന്നതിനായി 7,500 കോടി രൂപയാണ്(100 കോടി ഡോളര്‍) ലുലുവിന്റെ ഈജിപ്ത് കമ്ബനിയില്‍ അബുദാബി സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്.
ഇത് സംബന്ധിച്ച കരാറില്‍ അബുദാബി കമ്ബനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഹസന് അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയും തമ്മില്‍ ഒപ്പുവച്ചു. ഈജിപ്റ്റിലെ വിവിധ നഗരങ്ങളില്‍ 30 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, 100 മിനി മാര്‍ക്കറ്റുകള്‍, ആധുനിക സൗകര്യങ്ങളോട് കൂടിയ ലോജിസ്റ്റിക് സെന്റര്‍, ഇ-കൊമേഴ്സ് വിപുലീകരണം എന്നിവയ്ക്ക് വേണ്ടിയാണ് നിക്ഷേപം ഉപയോഗിക്കുക. മൂന്നു മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദോശിക്കുന്ന പുതിയ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോട് കൂടി മലയാളികളുള്‍പ്പടെ 12,000 -ലധികം ആളുകള്‍ക്ക് ഈജിപ്റ്റില്‍ തൊഴില്‍ ലഭ്യമാകും.
ഇത് രണ്ടാമത് തവണയാണ് എം.എ.യൂസഫലി ചെയര്‍മാനായ ലുലു ഗ്രൂപ്പില്‍ അബുദാബി സര്‍ക്കാര്‍ വീണ്ടും മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപ (US$ 1.1 Billion) ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനത്തിനായി മുതല്‍
മുടക്കിയിരുന്നു.
ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടര്‍ച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്നും, ഇതിന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഡപ്യൂട്ടി കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും എം.എ. യൂസഫലി പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളിലേക്ക് ലുലുവിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം കേരളം അടക്കമുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും മിനി മാര്‍ക്കറ്റുകളും ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.
ലുലുവിന്റെ രണ്ടാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞ മാസം തലസ്ഥാനമായ കയ്റോയ്ക്ക് അടുത്തുള്ള ഹെലിയോപ്പോളീസില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
ലുലു ഗ്രൂപ്പിന്റെ വിജയഗാഥ
ജീവിതം കരുപിടിപ്പിക്കാന്‍ അബുദാബിയിലെത്തി രാജകുടുംബത്തിന്റെ കണ്ണും കരളുമായ വ്യവസായിയാണ് യൂസഫലി. പ്രതിസന്ധികളില്‍ യുഎഇയ്ക്ക് വളര്‍ച്ചയുടെ പുതുവഴി കാട്ടിക്കൊടുത്തത് യൂസഫലിയാണ്. അതിജീവനത്തിന്റെ ജീവിത പാഠങ്ങളായി യുഎഇയ്ക്ക് അത്. അതുകൊണ്ടാണ് രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തായി യൂസഫലിയെന്ന നാട്ടികക്കാരന്‍ മാറിയത്.
പ്രതിസന്ധികളിലൂടെയായിരുന്നു യൂസഫലിയുടെ വിജയഗാഥ രചിക്കല്‍. 1973ല്‍ ഡിസംബര്‍ 31ന് ദുംറ എന്ന കപ്പലില്‍ ദുബായ് തുറമുഖത്ത് ഇറങ്ങിയ യൂസഫലി കൊച്ചാപ്പ എം.കെ. അബ്ദുല്ലയുടെ അബുദാബിയിലെ കടയില്‍ സഹായിയായി. പടിപടിയായി ഉയര്‍ന്നു. പിന്നീട് അദ്ദേഹം അല്തായബ് കോള്‍ഡ് സ്റ്റോര്‍ സ്വന്തമായി തുടങ്ങി. ഇപ്പോഴും അബുദാബിയില്‍ ഈ കടയുണ്ട്. സ്വന്തമായി സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് അടുത്തുള്ള ചെറുകിട ഷോപ്പുകള്‍ക്കും മറ്റും വിതരണം ചെയ്യാനും തുടങ്ങി.
ഇറക്കുമതിയും വിതരണവും വില്പനയും ഒരു പോലെ വര്‍ധിച്ചതോടെ സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയം അവതരിപ്പിച്ചു. ഗള്‍ഫ് യുദ്ധത്തിന്റെ സമയത്തായിരുന്നു. അതുവരെ സ്വരുക്കൂട്ടിയ മുഴുവന്‍ തുകയും ഇറക്കി കച്ചവടം വിപുലമാക്കാന്‍ തന്നെ യൂസഫലി തീരുമാനിച്ചു.
അബുദാബി എയര്‍പോര്‍ട് റോഡില്‍ ആദ്യ സൂപ്പര്‍മാര്‍ക്കറ്റ് ഉയര്‍ന്നു. യുദ്ധം ഭയന്ന് സമ്ബാദ്യമെല്ലാം വാരിക്കൂട്ടി പലരും നാടുകളിലേക്കു പലായനം ചെയ്യുന്ന സമയത്തായിരുന്നു ഇത്. യൂസഫലി ഏതായാലും അബുദാബി വിടാന്‍ തീരുമാനിച്ചില്ല. യുഎഇയുടെ രാഷ്ട്രപിതാവ് ഉയര്‍ന്നുവന്ന ഈ സൂപ്പര്‍മാര്‍ക്കറ്റ് ശ്രദ്ധിച്ചതോടെ ജീവിതം മാറി മറിഞ്ഞു. അതിന്റെ ഉടമ യൂസഫലിയാണെന്ന് മനസിലാക്കി കൊട്ടാരത്തിലേക്കു വിളിപ്പിച്ചു.
യുദ്ധകാലത്ത് യൂസഫലി സംഭരിച്ച സാധങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സംഭരണ സ്ഥലവും കോള്‍ഡ് സ്റ്റോറേജ് സൗകര്യവും ഉണ്ടായിരുന്നതിനാല്‍ യൂസഫലിയുടെ കച്ചവടം പുതിയ തലത്തിലെത്തി. അങ്ങനെ യുദ്ധസമയം യൂസഫലിക്ക് നേട്ട കാലമായി. ഷെയ്ഖ് സായിദിന്റെ പ്രീതിയും ലഭിച്ചു. 2000ല്‍ വൈടുകെ വിഷയം ഉള്‍പ്പടെ കത്തിനില്ക്കുമ്ബോഴാണ് ഒരു പ്രശ്നവുമില്ലെന്ന മട്ടില്‍ യൂസഫലി ദുബായ് ഖിസൈസില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. ദുബായ്-ഷാര്‍ജ അതിര്‍ത്തിയിലുള്ള വിശാല മരുഭൂമിയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുമ്ബോള്‍ പലരും അതിശയിച്ചു.
ആളൊഴിഞ്ഞ പ്രദേശത്തും ലുലു വിജയമായി. പിന്നീട് ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഒരു നിര തന്നെ തുടങ്ങി. അങ്ങനെ ലുലു യുഎഇയിലെ നമ്ബര്‍ വണ്ണായി. അങ്ങനെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാം അതിജീവനത്തിന്റെ ഉയര്‍ച്ചാ പാഠങ്ങളാണ് യുഎഇയില്‍ ലുലുവും യൂസഫലിയും രചിച്ചത്. പതിയെ യൂറോപ്പിലേക്കും ബിസിനസ്സ് വ്യാപിപ്പിച്ചു. കേരളത്തിനും ഇന്ത്യയ്ക്കും മനസ്സില്‍ പ്രത്യേക ഇടം നല്കിയ യൂസഫലി ലുലുവിന്റെ സ്ഥാപനങ്ങള്‍ പിറന്ന മണ്ണിലും സ്വന്തം രാജ്യത്തും വളര്‍ത്തി. പ്രധാനമന്ത്രി മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ളവരുമായും അടുത്ത ബന്ധവും യൂസഫലിക്കുണ്ട്. ഇതെല്ലാം ഇന്ത്യാ-ഗള്‍ഫ് ബന്ധങ്ങളെ സ്വാധീനിക്കുന്ന തരത്തിലേക്ക് പോലും വളര്‍ന്നിരുന്നു.
ഇന്ന് ഗള്‍ഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. ൂസഫലി സ്ഥാപിച്ച ‘എംകെ’ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. യൂസഫലി തന്നെയാണിതിന്റെ മാനേജിങ് ഡൈറക്ടറും. ഗള്‍ഫിലും ഇന്ത്യയിലുമായി 164 ലുലു ഹൈപര്‍മാര്‍ക്കറ്റുകളാണുള്ളത്. ഇവ താഴേ കൊടുക്കുന്ന രാജ്യങ്ങളില്‍ പലയിടങ്ങളിലായി നില കൊള്ളുന്നു: എഷ്യയിലേത്തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. എല്ലാ ലുലു ഹൈപര്മാര്ക്കറ്റുകളിലുമായി, വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 57,000-ത്തോളം പേര് ജോലിയെടുക്കുന്നു.
നാല്പത്തിനാലു വര്‍ഷം മുന്‍പ് 1973 ഡിസംബര്‍ 31ന് ആണു യൂസഫലി ദുബായില്‍ എത്തുന്നത്. മുംബൈയില്‍നിന്നു ദുംറ എന്ന കപ്പലില്‍ ദുബായ് തുറമുഖത്തു വന്നിറങ്ങി. അഞ്ചു മണിക്കൂര്‍ സഞ്ചരിച്ച് അന്നു രാത്രിതന്നെ അബുദാബിയിലെത്തി. കച്ചവടക്കാരനാകണം എന്നുതന്നെയായിരുന്നു ആഗ്രഹം. മണല്‍പ്പരപ്പു മാത്രമായിരുന്നു അന്ന് അബുദാബി. കുടുംബവകയായ കടയില്‍ ചെറിയ തുടക്കം. ടെറസിനു മുകളില്‍ ഉറക്കം. വെള്ളം കോരിയൊഴിച്ചു തറ തണുപ്പിച്ചായിരുന്നു പലപ്പോഴും കിടന്നിരുന്നത്. മുമ്ബോട്ട് കുതിക്കാനുള്ള ഒന്നാമത്തെ പ്രചോദനം പ്രവാചകനായ മുഹമ്മദ് നബിയുടെ വാക്കുകളാണെന്നു യൂസഫലി പറയുന്നു. അശരണര്‍ക്ക് കൈതാങ്ങാകാന്‍ ഓടിയെത്തുന്നതും അതുകൊണ്ടാണ്. മതാപിതാക്കള്‍ കാട്ടിക്കൊടുത്ത വഴിയേയാണ് യാത്ര.
സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന് സജ്ജനങ്ങളുടെ കൂടെയാകുന്നു എന്നാണു നബി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ കച്ചവടക്കാരന് എന്നു പറഞ്ഞാല്‍ അതിനും അദ്ദേഹത്തിനൊരു നിര്‍വചനമുണ്ട്. ആരെയും വഞ്ചിക്കാത്തവനും ചതിക്കാത്തവനും മോഷ്ടിക്കാത്തവനും തൂക്കത്തില്‍ കളവു കാണിക്കാത്തവനുമാകണം. വിശ്വസ്തന് എന്നാല്‍ കൊടുക്കല്‍ വാങ്ങലില്‍ വിശ്വസ്തത കാണിക്കുന്നവനാണ്. കച്ചവടക്കാര്‍ പലയിടത്തുനിന്നും കടം മേടിക്കും. ആ പണം അവര്‍ കൃത്യമായി നല്‍കണം. യൂസഫലിയുടെ രണ്ടാമത്തെ പ്രചോദനം ഗാന്ധിജിയാണ്. ഉപഭോക്താവു രാജാവാണ് എന്നതാണല്ലോ ഗാന്ധിവചനം. ഉപഭോക്താവിന് ഇഷ്ടമുള്ള സാധനങ്ങള്‍ കൊടുക്കണമെന്നും യൂസഫലി പറയുന്നു. ഇങ്ങനെ നബിയേയും ഗാന്ധിജിയേയും മനസ്സില്‍ ഉറപ്പിച്ചു നിര്ത്തിായണ് മുമ്ബോട്ട് പോക്ക്.
ഫോബ്സ് മാസികയുടെ കണക്കനുസരിച്ചു സമ്ബന്നരുടെ ആഗോള റാങ്കിങ്ങിലും യൂസഫലിയുണ്ട്. തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശിയാണ്. തൃശ്ശൂര്‍ നാട്ടിക മുസലിയാം വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബര്‍ 15ന് ജനനം. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകുന്ന ആദ്യ വിദേശി. നോര്‍ക റൂട്ട്സ് വൈസ് ചെയര്മാന്, കൊച്ചി, കണ്ണൂര്‍ വിമാനത്താവള കമ്ബനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ പദവികള്‍ വഹിക്കുന്നു. നാട്ടിക മാപ്പിള ലോവര്‍ പ്രൈമറി സ്കൂള്‍, ഗവ. ഫിഷറീസ് സ്കൂള്‍, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചെറിയ പ്രായത്തില്‍ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്സ് ജനറല്‍ സ്റ്റോറില്‍ നിന്ന് തുടക്കം. പിന്നീട് കപ്പലില്‍ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്ബനിയുണ്ടാക്കി.
1989-ല്‍ ചെറിയ നിലയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടര്‍ന്ന് അബുദാബിയില്‍ എയര്‍പോര്‍ട്ട് റോഡില്‍ വിശാലമായ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ തുടങ്ങാനുള്ള ജോലികള്‍ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്ബോഴാണ് 1990-ല്‍ ഗള്‍ഫില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളര്‍ന്നു. താന്‍ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതല്‍മുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാല്‍, തന്നെ വളര്‍ത്തിയ നാടുവിട്ടു പോകാന്‍ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. ‘ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്’ എന്ന തലക്കെട്ടോടു കൂടിയ പരസ്യം നല്‍കിക്കൊണ്ട് ലുലു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാര്‍ച്ചില്‍ കൊച്ചി ഇടപ്പള്ളിയില്‍ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യന്‍ റീട്ടെയില്‍ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളര്‍ത്തി.
നാലു പതിറ്റാണ്ടിലേറെ നീളുന്ന സംരംഭക ജീവിതത്തില്‍ എം.എ. യൂസഫലി പഠിച്ച പാഠങ്ങള്‍ അനവധിയാണ്. എപ്പോഴും നല്ല മൂല്യങ്ങള്‍ മുറുകെ പ്പിടിക്കാന് പ്രത്യേകം ശ്രദ്ധിക്കുന്നു. ”നീ ഉയരങ്ങളിലെത്തുമ്ബോള് മറ്റുള്ളവര്‍ താഴ്ന്നവരാണെന്ന് കരുതരുത്. അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും” -കുഞ്ഞുന്നാളില്‍ വല്യുപ്പ പകര്‍ന്നുനല്‍കിയ മൂല്യങ്ങളാണ് യൂസഫലിയുടെ കൈമുതല്‍